പ്ലസ്‌ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ് (‘ഡാസ’ 2024)ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), മറ്റു പ്രീമിയർ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചർ, കോഴിക്കോട് എൻ.ഐ.ടി, കോട്ടയത്തുള്ള ഐ.ഐ.ഐ.ടി എന്നിവ ‘ഡാസ’ വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളാണ്.
വിവിധ ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകൾക്ക് പുറമെ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക് + എം.ബി.എ), ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ, ബാച്ചിലർ ഓഫ് പ്ലാനിങ് പ്രവേശനത്തിനാണ് അവസരമുള്ളത്. എൻ.ഐ.ടി റായ്പൂരിനാണ് പ്രവേശന നടത്തിപ്പ് ചുമതല.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ല്യു.ജി) സ്കീം വഴി അപേക്ഷിക്കാം. രക്ഷിതാക്കളിൽ ഒരാളെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നവരായിരിക്കണം. സാർക്ക്, നോൺ സാർക്ക് രാജ്യങ്ങളിലെ കുട്ടികൾക്ക് ‘ഡാസ’ വഴി നേരിട്ട് അപേക്ഷിക്കാം. പ്ലസ്ടു വരെയുള്ള പഠന കാലത്തിനിടക്ക് അവസാന എട്ടു വർഷത്തിനിടെ രണ്ട് വർഷമെങ്കിലും വിദേശത്ത് പഠിക്കുകയും യോഗ്യതാ പരീക്ഷ വിദേശത്തിരുന്ന് വിജയിക്കുകും വേണം. കൂടാതെ ജെ.ഇ.ഇ മെയിൻ 2024ൽ റാങ്ക് ഉണ്ടായിരിക്കണം.