മദീന – മദീനയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് കുറച്ച് പേർ ആശുപത്രികളിലെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചിലരിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അടുത്തിടെ മദീനയിൽ പെയ്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപംകൊണ്ടതാണ് കൊതുക് വ്യാപനത്തിനും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യാനും കാരണമായത്.
ഡെങ്കിപ്പനി ബാധിക്കുന്നവർക്ക് ആശുപത്രികൾ ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ മുഴുവൻ ചികിത്സയും പരിചരണങ്ങളും നൽകുന്നതായി മദീന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആറു ദിവസത്തിനിടെ നടത്തിയ 900 ലേറെ ഫീൽഡ് പര്യടനങ്ങളിൽ 7,222 പ്രദേശങ്ങളിൽ കൊതുക് നിർമാർജനം നടത്തിയതായി മദീന നഗരസഭ പറഞ്ഞു. ഇതിനിടെ 1,25,000 ലേറെ ലിറ്റർ അണുനശീകരണികളും കീടനാശിനികളും ഉപയോഗിച്ചു. ശുചീകരണ, കൊതുക് നശീകരണ ശ്രമങ്ങൾ തുടരുകയാണെന്നും നഗരസഭ കൂട്ടിച്ചേർത്തു.