റിയാദ്: സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) രാജ്യത്ത് താമസിക്കുന്ന പ്രവാസി കുടുംബാംഗങ്ങൾക്കായി ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ ഡോക്യുമെന്റ് സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ പ്ലാറ്റ്ഫോം വഴിയാണ് പുതിയ സേവനം ലഭ്യമാകുന്നത്.
“അബ്ഷർ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ ഡോക്യുമെന്റ് സേവനം നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ റസിഡന്റ് ഐഡന്റിറ്റി പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതായി ജവാസാത്ത് തിങ്കളാഴ്ച ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഐഡി പരിശോധിക്കാൻ രാജ്യത്തെവിടെയും പ്രവാസി കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഫോട്ടോകൾ ഉപയോഗിക്കാമെന്നും പേപ്പർ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേണ്ട ആവശ്യമില്ലെന്നും ഡയറക്ടറേറ്റ് അധികൃതർ ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന എട്ടാമത് അബ്ഷർ ഫോറം 2022 ന്റെ ഭാഗമായി, ജവാസാത്ത് പൗരന്മാർക്കും പ്രവാസികൾക്കും ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് നിരവധി പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചിരുന്നു. ഫോറത്തിൽ മോഷ്ടിച്ച വാഹനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി പബ്ലിക് സെക്യൂരിറ്റി ഓൺലൈൻ സേവനവും ആരംഭിച്ചു.
പോലീസ് കെട്ടിടങ്ങൾ സന്ദർശിക്കാതെ തന്നെ മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെയും താമസക്കാരെയും ഇ-സേവനം അനുവദിക്കുന്നു.