റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്വദേശിയുടെ യോഗ്യതകൾ മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദേശിയായ ഗാർഹിക തൊഴിലാളിക്ക് വിസ നൽകുന്നതിന് സ്വദേശിക്ക് 24 വയസ്സ് പൂർത്തിയായിരിക്കണം. മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ് മുസാനിദ് പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ഗാർഹിക ജീവനക്കാരുടെ തൊഴിൽമേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിർദ്ദേശങ്ങൾ. വിദേശിക്ക് ഗാർഹിക വിസയനുവദിക്കുന്നതിന് ബാച്ചിലറായ സ്വദേശി പൗരന് കുറഞ്ഞത് 24 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയ മുസാനിദ് പ്ലാറ്റ്ഫോം ഇത് സംബന്ധിച്ച യോഗ്യത ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികൾ വഴിയാണ് തൊഴിലാളികളെ ലഭ്യമാക്കുക. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച തൊഴിൽ കരാറാണ് നിയമത്തിലെ ഏറ്റവും പ്രധാന ഘടകം. കരാറിന് നിശ്ചിത കാലയളവ് ഉണ്ടായിരിക്കുക, പരമാവധി ജോലി സമയം 10 മണിക്കൂറായി നിജപ്പെടുത്തുക, പ്രതിവാര അവധി നൽകുക, തൊഴിലാളിയുടെ വ്യക്തിഗത രേഖകൾ തടഞ്ഞുവയ്ക്കാതിരിക്കുക, തൊഴിലാളിക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക കടമായി പരിഗണിക്കുകയും തുടർനടപടികൾക്ക് വിധേയമാക്കുകയും ചെയ്യുക തുടങ്ങിയ നിബന്ധനകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.