‘ആടുജീവിതം’ സിനിമയിലെ അര്‍ബാബിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് ബലൂഷി.
സൗദിയില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള യാതൊരു അറിയിപ്പും സൗദി, ഒമാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ബലൂഷി പറഞ്ഞു. ഇതൊരു സിനിമ മാത്രമാണ്, യാഥാര്‍ത്ഥ്യമല്ലെന്ന് ജനങ്ങള്‍ ഓര്‍ക്കണം. സിനിമയില്‍ ഞാനൊരു വേഷം ചെയ്തു എന്ന് മാത്രമേ ഉള്ളൂവെന്നും താലിബ് പറഞ്ഞു. വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ട് പോലും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ അത് ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും താലിബ് അല്‍ ബലൂഷി വ്യക്തമാക്കി. ആടുജീവിതത്തിന്‍റെ സംസ്ഥാന പുരസ്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ കേരളത്തിലാണ് ബലൂഷി.