റിയാദ്: സൗദി അറേബ്യയിലെ ആദ്യ സ്വയം നിയന്ത്രിത, ഡ്രൈവറില്ലാത്ത സ്മാർട്ട് ടാക്‌സികളുടെ പരീക്ഷണ ഓട്ട സേവനങ്ങൾക്ക് തുടക്കം കുറിച്ചു. റിയാദിലാണ് സേവനങ്ങൾ ആരംഭിച്ചത്.
ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രിയും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ബോർഡ് ചെയർമാനുമായ എൻജിനീയർ സാലിഹ് അൽ ജാസർ ആണ് റിയാദിൽ പ്രാരംഭ പ്രവർത്തന ഘട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് – ഡ്രൈവിങ് കാറുകൾ ഓടുന്നത് 12 മാസത്തേക്കാണ്. റിയാദിലും പരിസരത്തുമായി 13 പിക്-അപ്, ഡ്രോപ്പ് ഓഫ് സ്റ്റേഷനുകളിൽ നിന്നും 7 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ സാധിക്കുന്ന വാഹനത്തിൽ യാത്രാ സാഹചര്യങ്ങൾ, സുരക്ഷ, സഹായം എന്നിവ നിരീക്ഷിക്കുന്നതിനായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും. ആദ്യഘട്ടം നടപ്പിലാക്കുന്നത് ഊബർ, ഐഡ്രൈവ്, വീറൈഡ് എന്നിവയുമായി സഹകരിച്ചാണ്. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും സാങ്കേതിക മേൽനോട്ടത്തിലുമാണ് ഡ്രൈവറില്ലാ ടാക്‌സികൾ സേവനം നടത്തുക.