മക്ക – ദുൽഖഅ്ദ് 15 വരെ വിദേശങ്ങളിൽനിന്നുള്ളവർക്ക് ഉംറ വിസ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുൽഖഅ്ദ 15 വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ നേടുന്നവർക്ക് ദുൽഖഅ്ദ 28 വരെ സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഉംറ തീർഥാടകർ രാജ്യം വിടേണ്ട അവസാന ദിവസം ദുൽഖഅ്ദ 29 ആണ്. ഈ വർഷം മുതൽ ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. സൗദിയിലെ മുഴുവൻ പ്രവിശ്യകളും നഗരങ്ങളും ചരിത്ര, മതകേന്ദ്രങ്ങളും സന്ദർശിക്കാനും തീർഥാടകർക്ക് ഈ വർഷം സാധിക്കും.
ഉംറ പാക്കേജുകൾ സ്വയം രൂപകൽപന ചെയ്യാനും ബുക്കിംഗ് നടത്താനും ഓൺലൈൻ ആയി എളുപ്പത്തിൽ വിസ നേടാനും ലോകത്തെവിടെയുള്ളവർക്കും അവസരമൊരുക്കി ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ ആരംഭിച്ച നുസുക് പ്ലാറ്റ്‌ഫോമിൽ 121 സേവനങ്ങൾ ലഭ്യമാണ്.