ദമാം: വിമാനയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഇ ഗേറ്റ്‌സ് സംവിധാനം സജ്ജമാക്കി സൗദിയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായി ഡിപ്പാർച്ചർ ലോഞ്ചുകളിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇ ഗേറ്റ്‌സ് സേവനത്തിന് കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ഔപചാരികമായി തുടക്കം കുറിച്ചു.
യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കാൻ ഈ സേവനം സഹായിക്കും. ഇ-ഗേറ്റ് സേവനം ആരംഭിച്ചത് ആധുനിക സാങ്കേതികവിദ്യകളും നിർമ്മിതബുദ്ധിയും ഉപയോഗിച്ച് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ പ്രാപ്തമാക്കുന്നതോടൊപ്പം സമയം ലാഭിക്കാനും കഴിയും.
ഈ സേവനപദ്ധതി ഒരുക്കിയിരിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്‌സ്, എസ്ഡിഎഐഎ, ദമാം വിമാനത്താവളം എന്നിവ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിലാണ്.