ദമ്മാം: സൗദി അറേബ്യ ഇ-സ്പോർട്സ് വേൾഡ് കപ്പ് പ്രഖ്യാപിച്ചു. അടുത്തവർഷം മുതൽ മത്സരങ്ങൾക്ക് തുടക്കമാകുമെന്ന് സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. ഗെയിമിംഗിന്റെയും സ്പോർട്സിന്റെയും പ്രധാന ഹബ്ബായി സൗദി അറേബ്യയെ മാറ്റുമെന്നും പദ്ധതി വഴി 39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൗദി കിരീടവകാശി അറിയിച്ചു. ദി ന്യൂ ഗ്ലോബൽ സ്പോർട്സ് കോൺഫറൻസിലാണ് പ്രഖ്യാപനം.
2024 സമ്മർ സീസൺ മുതൽ മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. എല്ലാ വർഷവും ആവർത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. ഈ രംഗത്ത് ആഗോള തലത്തിലുള്ള ഏറ്റവും വലിയ മത്സരങ്ങൾക്കായിരിക്കും രാജ്യം വേദിയാകുക. ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിക്കുക. ഇൻഡസ്ട്രിയൽ അതിരുകൾ ഭേദിക്കുന്ന സമാനതകളില്ലാത്ത സ്പോർട്സ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും മത്സരം. പദ്ധതി വഴി ഗെയിമിംഗിന്റെയും സ്പോർട്സിന്റെയും പ്രധാന ഹബ്ബായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സമ്പത് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുക, ടൂറിസം മേഖല വളർത്തുക, പൗരൻമാർക്കും താമസരേഖയിലുള്ള വിദേശികൾക്കും സന്ദർശകർക്കും ഒരുപോലെ ലോകോത്തര വിനോദങ്ങൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളടങ്ങിയതാണ് പദ്ധതി.