ജിദ്ദ- ഉംറ നിര്‍വഹിക്കുന്നതിനും സൗദി സന്ദര്‍ശനത്തിനും ഉദ്ദേശിക്കുന്നവര്‍ക്ക് വിസാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി ഭരണകൂടം. ടൂറിസ്റ്റ് ഇ-വിസക്ക് 535 റിയാലും ഓണ്‍അറൈവല്‍ വിസക്ക് 480 റിയാലുമാണ് ചാര്‍ജ് ഈടാക്കുന്നത്. സൗദി അറേബ്യയില്‍ തങ്ങുന്ന വേളയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുന്നതാണ് ഈ നിരക്ക്. മള്‍ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് ഒരു വര്‍ഷമാണ് കാലാവധി ഉള്ളത്. 90 ദിവസത്തെ താമസമാണ് അനുവദിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിസ ഫീ അടക്കാവുന്നതാണ്.
വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 റിയാലാണ് പിഴ ഈടാക്കുന്നത്. വിസാ അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ ഫീ തിരികെ ലഭിക്കുകയില്ല. ഇ വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവാധി അരമണിക്കൂറിനുള്ളില്‍ ലഭിക്കുന്നുണ്ട്.
ജി.സി.സിയിലെ പ്രവാസികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന പ്രൊഫഷന്‍ നിബന്ധന മാറ്റിയിട്ടുണ്ട്. ഗള്‍ഫിലെ പ്രവാസികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളേയും കൊണ്ടുവരാവുന്നതാണ്. സ്വന്തം വിസക്ക് അപേക്ഷിച്ച ശേഷമാണ് കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള വിസയ്ക്ക് അപേക്ഷിക്കേണ്ടത്.