റിയാദ്- അറബ് നാടുകളുൾപ്പെടെ എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളിലും ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ചയായിരിക്കുമെന്ന് അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് അറഫ ദിനം ജൂൺ 27 ന് ചൊവ്വാഴ്ചയായിരിക്കും. ഇസ്ലാമിക രാജ്യങ്ങളിലെല്ലാം ജൂൺ 18 ന് (ദുൽ ഖഅദ-29) ഞായറാഴ്ച ദുൽ ഹജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ജൂൺ 18 ന് സൂര്യാസ്തമയ ശേഷം അബുദാബിയിൽ 29 മിനിറ്റും, റിയാദിൽ 31 മിനിറ്റും, ഫലസ്തീനിൽ 37 മിനിറ്റും ന്യൂമൂൺ ചക്രവാളത്തിലുണ്ടാകുമെന്നതിനാൽ പ്രയാസകരമാണെങ്കിലും മാസപ്പിറവി ദൃശ്യമായിരിക്കും. റിയാദ്, ട്രിപ്പോളി, അമ്മാൻ, കയ്റോ തുടങ്ങിയ പ്രദേശങ്ങളിൽ ടെലസ്കോപ്പു മുഖേനയും മറ്റു സ്ഥലങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ടുമായിരിക്കും പിറവി ദിശ്യമാകുന്നത്. എന്നാൽ ഇന്തോനേഷ്യയെ പോലെയുള്ള കിഴക്കൻ രാജ്യങ്ങളിൽ ഏഴുമിനിറ്റോ അതിൽ താഴെയോ മാത്രം ചന്ദ്രൻ ചക്രവാളത്തിലുണ്ടാകുന്നതിനാൽ പിറവി ദ്യശ്യമാകുന്നതിനുള്ള സാധ്യത കുറവാണെന്നും ബഹിരാകാശ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.