ഈദുല്‍ ഫിത്‌റും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട് സ്ഥിരം ഫത്‌വാ കമ്മിറ്റി പുറപ്പെടുവിച്ച മതവിധി മസ്ജിദ് ഇമാമുമാര്‍ പാലിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവുള്ളതായി സ്ഥിരം ഫത്‌വാ കമ്മിറ്റി നല്‍കിയ മതവിധി പറയുന്നു. ഇത്തരക്കാര്‍ ദുഹ്ര്‍ നമസ്‌കരിച്ചാല്‍ മതി. ജുമുഅ നമസ്‌കാരം നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ജുമുഅ നമസ്‌കരിക്കാവുന്നതാണ്. ഇതാണ് കൂടുതല്‍ ശ്രേഷ്ടം.
പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഇളവില്ല. ഇത്തരക്കാര്‍ക്ക് ജുമുഅ നിര്‍ബന്ധമാണ്. ഇവര്‍ ജുമുഅ നമസ്‌കാരത്തിനു വേണ്ടി മസ്ജിദിലേക്ക് പോകണം. ജുമുഅ നമസ്‌കാരത്തിന് മതിയായ വിശ്വാസികള്‍ പള്ളികളില്ലാത്ത പക്ഷം ഇവര്‍ ദുഹ്ര്‍ നമസ്‌കാരമാണ് നിര്‍വഹിക്കേണ്ടത്.
പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്കും ജുമുഅയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ഇമാം ജുമുഅ നമസ്‌കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ജുമുഅക്കുള്ള ആളുകള്‍ എത്തിയാല്‍ ജുമുഅയും അല്ലെങ്കില്‍ ദുഹ്ര്‍ നമസ്‌കാരവുമാണ് നിര്‍വഹിക്കേണ്ടത്.
പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാതിരിക്കാന്‍ ഇളവുണ്ട്. ഇത്തരക്കാര്‍ ദുഹ്ര്‍ നമസ്‌കാര സമയം ആയ ശേഷം ദുഹ്ര്‍ നമസ്‌കരിച്ചാല്‍ മതി. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയും ദുഹ്ര്‍ നമസ്‌കാരവും നിര്‍വഹിക്കേണ്ടതില്ല എന്ന വാദം ശരിയല്ല. ഇത് പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞതും, പ്രവാചകചര്യക്ക് വിരുദ്ധമായതിനാല്‍ തെറ്റാണെന്ന് വിധിയെഴുതിയതുമാണെന്നും സ്ഥിരം ഫത്‌വാ കമ്മിറ്റി പുറപ്പെടുവിച്ച മതവിധി പറയുന്നു.