ജിദ്ദ – വാടക സേവനങ്ങൾക്കുള്ള ഈജാർ നെറ്റ്വർക്കിൽ 70 ലക്ഷത്തിലേറെ വാടക കരാറുകൾ രജിസ്റ്റർ ചെയ്തതായി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. 58 ലക്ഷത്തിലേറെ പാർപ്പിട വാടക കരാറുകളും 12 ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകളുമാണ് നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റിൽ 3,07,000 ലേറെ വാടക കരാറുകളാണ് നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തത്. ഈജാർ നെറ്റ്വർക്ക് ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും വാടക കരാറുകൾ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്നത്.
2018 ലാണ് ഈജാർ നെറ്റ്വർക്ക് ആരംഭിച്ചത്. തുടക്കത്തിൽ പാർപ്പിട വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഈജാറിൽ സൗകര്യമൊരുക്കിയിരുന്നത്. നെറ്റ്വർക്ക് വികസിപ്പിച്ചതും സേവനങ്ങൾ മെച്ചപ്പെടുത്തിയതും പുതിയ സവിശേഷതകൾ നിരന്തരം ഉൾപ്പെടുത്തിയതും റിയൽ എസ്റ്റേറ്റ് വാടക മേഖലയിലെ ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാൻ സഹായകമായി.
റിയൽ എസ്റ്റേറ്റ് വാടക മേഖല നവീകരിക്കൽ, കാര്യക്ഷമത വർധിപ്പിക്കൽ, വാടക പ്രക്രിയകളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കൽ, സാമ്പത്തികവും കരാർപരവുമായ ഇടപാടുകളിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ഈജാർ നെറ്റ്വർക്ക് പ്രോഗ്രാമിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ നിക്ഷേപ അന്തരീക്ഷം വർദ്ധിപ്പിക്കാനും വാടക പ്രക്രിയ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിച്ച് അപകട സാധ്യതകൾ കുറക്കാനും വാടക കരാറുകളുമായി ബന്ധപ്പെട്ട കേസുകൾ കുറക്കാനും സാധിക്കുന്നു. ഇതിന്റെ ഫലമായി വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ എത്തുന്ന കേസുകളിൽ 50 ശതമാനത്തിന്റെ വരെ കുറവ് വന്നിട്ടുണ്ട്.
അതേസമയം ഭൂമി വാടക, എ.ടി.എം സ്ഥാപിച്ച സ്ഥലത്തിനുള്ള വാടക, പെട്രോൾ ബങ്ക് വാടക, മൊബൈൽ ഫോൺ ടവർ സ്ഥാപിച്ച സ്ഥലത്തിന്റെ വാടക, ഹൗസ് ഡ്രൈവർമാർക്കുള്ള മുറിയുടെ വാടക, കാർ പാർക്കിംഗ് വാടക എന്നീ റിയൽ എസ്റ്റേറ്റ് യൂണിറ്റ് വാടകകൾ അടയ്ക്കാനുള്ള സൗകര്യവും ഈജാർ നെറ്റ്വർക്കിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.