റിയാദ്- സൗദിയുടെ നിക്ഷേപ നയത്തോടൊപ്പം ഇന്ത്യയിലേക്ക് ഇലക്ട്രിസിറ്റിയും ഗ്രീൻ ഇലക്ട്രിസിറ്റിയും ഹൈഡ്രജനും കയറ്റിയയക്കാൻ രാജ്യം ആഗ്രഹിക്കുന്നതായി സൗദി ഊർജ വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. റിയാദിൽ നടക്കുന്ന അറബ് – ചൈന കോൺഫറൻസിൽ വിദേശ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ നിക്ഷേപ പദ്ധതികൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണകളുടെയോ പദ്ധതികളുടെയോ അടിസ്ഥാനത്തിലായിരിക്കില്ല, തുറന്ന വിദേശ നയം സ്വീകരിച്ചിരിക്കുന്ന രാജ്യമെന്ന നിലയിൽ അമേരിക്ക, ചൈന, കൊറിയ, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവരോടെല്ലാം സൗദി നിക്ഷേപ രംഗത്തു സഹകരിക്കുന്നുണ്ട്.
എല്ലാ നാടുകളിലേക്കും അൽപാൽപം നിക്ഷേപം നടത്തുകയല്ല രാജ്യത്തിന്റെ സമീപനം, മറിച്ച് ഞങ്ങളുമായി സഹകരിക്കാൻ തയാറുള്ളവരോട് തിരിച്ചും സഹകരിക്കുക മാത്രമാണെന്ന് മന്ത്രി വിശദമാക്കി.