ജിദ്ദ – അതിർത്തി പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അതിർത്തി സുരക്ഷാ സേന മുന്നറിയിപ്പ് നൽകി. നിരോധിത കരാതിർത്തി പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്ന നിയന്ത്രണങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്നും സേന വ്യക്തമാക്കി.
നിരോധിത പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മൺതിട്ടകളും ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വാണിംഗ് ബോർഡുകൾ മറികടന്ന് നിരോധിത അതിർത്തി പ്രദേശങ്ങളിൽ പ്രവേശിക്കുന്നവർക്ക് അതിർത്തി സുരക്ഷാ നിയമം അനുസരിച്ച് 30 മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. അതിർത്തികൾക്കു സമീപമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവരും ഇവിടങ്ങളിലൂടെ കടന്നുപോകുന്നവരും രാജ്യത്തെ നിയമ, നിർദേശങ്ങൾ പാലിക്കണമെന്നും നിയമ ലംഘകരെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അതിർത്തി സുരക്ഷാ സേന കൂട്ടിച്ചേർത്തു.