മക്ക – ഹജ്ജിന്റെ പവിത്രതയ്ക്ക് കോട്ടം ഉണ്ടാക്കുന്ന അനിഷ്ട സംഭവങ്ങള്‍ തടയാന്‍ പഴുതടച്ച ക്രമീകരണങ്ങളാണ് സുരക്ഷാ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഹജ് സുരക്ഷാ സേന പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നേരിട്ട് വിലയിരുത്തി.
ഹജ് സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ഹജ് സുരക്ഷാ സേന പൂര്‍ണ സജ്ജമാണെന്ന് ഹജ് സുരക്ഷാ സേനയില്‍ ഭാഗമായ വിവിധ സുരക്ഷാ വകുപ്പുകളുടെ ശക്തിപ്രകടന, പരേഡ് ചടങ്ങില്‍ പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ് പ്രദേശങ്ങളിലേക്കുള്ള റോഡുകളിലും ഹജ് സുരക്ഷാ സേന ദൗത്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും ഉയര്‍ന്ന വൈദഗ്ധ്യവും കാണിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ അടങ്ങിയ പരേഡ് ഹജ് സുരക്ഷാ ആഭ്യന്തര മന്ത്രിക്കു മുന്നില്‍ നടത്തി. സെക്യൂരിറ്റി ഏവിയേഷനും പ്രത്യേക കവചിത വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രകടനങ്ങളില്‍ അടങ്ങിയിരുന്നു. മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളും സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.