ഖാലിദിയ- സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മകന്റെ ഘാതകന് സിറിയൻ പ്രവാസി മാപ്പ് നൽകി.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരന്റെ മുമ്പാകെയാണ് സിറിയൻ പൗരൻ മകന്റെ ഘാതകന് മാപ്പ് നൽകിയത്.
മകന്റെ ഘാതകന് മാപ്പ് നൽകാൻ മഹാമനസ്കത കാണിച്ച ഹുമൈദ് അൽഖരൈഖരി അൽഹർബിക്ക് ഹറബ് ഗോത്രം ആറു ലെക്സസ് ജീപ്പുകൾ സമ്മാനിച്ചു. പ്രതിക്ക് മാപ്പ് നൽകിയതിനുള്ള ആദരവയാണ് കാറുകൾ സമ്മാനിക്കുന്നതെന്ന് ആറു ലെക്സസ് ജീപ്പുകളുടെ താക്കോലുകളും ഇസ്തിമാറകളും കൈമാറി ഹറബ് ഗോത്രത്തിലെ അംഗം വ്യക്തമാക്കിയിരുന്നു.
മറ്റൊന്നും മോഹിച്ചല്ല താൻ പ്രതിക്ക് മാപ്പ് നൽകിയതെന്ന് പറഞ്ഞ് സമ്മാനങ്ങൾ സ്വീകരിക്കാൻ തുടക്കത്തിൽ ഹുമൈദ് അൽഖരൈഖരി വിസമ്മതിച്ചു. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം ഇദ്ദേഹം സമ്മാനങ്ങൾ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വന്തം ഗോത്രം തന്നെയാണ് ഹുമൈദ് അൽഖരൈഖരിക്ക് ആറു ലക്ഷ്വറി കാറുകൾ സമ്മാനിച്ചത്.
പത്തു ദിവസം മുമ്പാണ് ജിദ്ദയിൽ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തിൽ വെച്ച് വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സൗദി യുവാവ് അഹ്മദ് അൽഖരൈഖരി അൽഹർബിയുടെ ഘാതകനായ മുത്റക് ആയിദ് അൽമസ്റദി അൽഖഹ്താനിക്ക് അഹ്മദിന്റെ പിതാവ് ഹുമൈദ് അൽഖരൈഖരി അൽഹർബി മാപ്പ് നൽകിയത്. വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പായി വിധിപ്രസ്താവം വായിച്ചുകേൾപ്പിക്കുന്നതിനിടെ ഹുമൈദ് അൽഹർബി പെട്ടെന്ന് മുന്നോട്ടുവന്ന് പ്രതിക്ക് മാപ്പ് നൽകുകയായിരുന്നു.