റിയാദ്: സൗദിയിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്. 32 വയസായിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ ബാത്ത് സനയ്യയിലാണ് സംഭവം. മൂന്ന് വർഷമായി ഇദ്ദേഹം സനയ്യയിൽ ആട് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ യുവാവിന്റെ സുഹൃത്തുക്കൾ മലയാളി സാമൂഹിക പ്രവർത്തകരോട് സഹായം തേടിയിരുന്നു. തുടർന്ന് ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി പ്രസിഡന്റുമായ വിപിൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി അധികൃതരിൽ നിന്ന് സഹായം തേടി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം എംബാമിങ് നടത്തുന്നതിനുള്ള തുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനചെലവുമടക്കം പൂർണ്ണമായും ഇന്ത്യൻ എംബസിയാണ് വഹിച്ചത്.