സൗദിയിൽ വിദേശികൾക്ക് ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാൻ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകർക്ക് തുല്യമായ പരിഗണന നൽകുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങൾ നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. വിദേശ നിക്ഷേപകർക്ക് സ്വദേശി നിക്ഷേപകർക്ക് തുല്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമടക്കം എട്ട് അടിസ്ഥാന അവകാശങ്ങൾ വിദേശി സംരംഭർക്കുണ്ടാവും.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപം കൈകാര്യം ചെയ്യുന്നതിനും നിയമപരമായി വിനിയോഗിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ്. ബിസിനസ് നടത്തുന്നതിന് ആവശ്യമായ പണം രാജ്യത്തിനകത്തും പുറത്തും കൈമാറാനുള്ള സ്വാതന്ത്ര്യവും നിക്ഷേപകനുണ്ടാവും. ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് ദേശീയ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാനും രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും നിയമനിർമാണങ്ങളും അനുസരിക്കുന്നതിനുള്ള ബാധ്യതയോടെയാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.