മക്ക- നഗരത്തിന്റെ തെക്ക് ഭാഗത്ത് മലിനജലം ഉപയോഗിച്ച് നടത്തിവന്നിരുന്ന കൃഷി അധികൃതർ കണ്ടെത്തി നശിപ്പിച്ചു. കൃഷിയുടമക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പിഴ ഈടാക്കുമെന്നും മക്ക മുൻസിപ്പാലിറ്റി വക്താവ് അറിയിച്ചു.
മലിന ജലമുപയോഗിച്ച് ചീരകളും മറ്റുമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. രാജ്യത്തെ താമസക്കാരായ സ്വദേശികളെയും വിദേശികളെയും ബാധിക്കുന്ന അനാരോഗ്യ പ്രവണതകളെ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നും പ്രകൃതി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കാർഷിക വൃത്തിയുൾപടെയുള്ള മുഴുവൻ നിയമ ലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കുന്നതിൽ മുൻസിപ്പാലിറ്റി ജാഗ്രത പുലർത്തുമെന്നും വക്താവ് വ്യക്തമാക്കി.