റിയാദ് – ഏപ്രിൽ മാസത്തെ ഫിഫ പുരുഷ ലോക റാങ്കിംഗിൽ സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീം 54-ാം സ്ഥാനത്തെത്തി. ലോക ഫുട്‌ബോൾ ഗവേണിംഗ് ബോഡി വ്യാഴാഴ്ച പ്രഖ്യാപിച്ച ഏറ്റവും പുതിയ സ്റ്റാൻഡിംഗിൽ ഗ്രീൻ ഫാൽക്കൺസ് ഏഷ്യയിലും അറബ് ലോകത്തും അഞ്ചാം സ്ഥാനത്താണ്. 2022 ലെ ഖത്തർ ലോകകപ്പിന് ശേഷം വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരെ നടന്ന സൗഹൃദ മത്സരങ്ങളിൽ തോൽവി നേരിട്ടതിന് പിന്നാലെയാണ് സൗദി ദേശീയ ടീം റാങ്കിംഗിൽ ഇടിവ് രേഖപ്പെടുത്തിയത്.
ഫിഫ പ്രഖ്യാപിച്ച ഏറ്റവും പുതിയ ക്ലാസിഫിക്കേഷനിൽ, ഏഷ്യയിൽ നിന്ന് 20-ാം റാങ്കോടെ ജപ്പാൻ ഒന്നാമതെത്തി, 24-ാം റാങ്കുമായി ഇറാൻ തൊട്ടുപിന്നാലെയും, ദക്ഷിണ കൊറിയ 27-ാം സ്ഥാനത്തും 2022 ലോകകപ്പ് ആതിഥേയരായ ഖത്തർ 61-ാം സ്ഥാനത്തുമാണ്.
2017ന് ശേഷം ആദ്യമായി അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അർജന്റീനയ്ക്ക് 1,840.93 പോയിന്റും 2022 ലോകകപ്പ് വെള്ളി മെഡൽ ജേതാക്കളായ ഫ്രാൻസ് 1,838.45 പോയിന്റുമായി തൊട്ടുപിന്നിലും, 1,834.21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്.
ബെൽജിയം 4-ാം സ്ഥാനത്തും ഇംഗ്ലണ്ട് 5-ാം സ്ഥാനത്തും തുടരുന്നു. നെതർലൻഡ്‌സ് ആറാം സ്ഥാനത്താണ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവ തൊട്ടുപിന്നിലുണ്ട്.