ദമ്മാം: പരിസ്ഥിതി നിയമലംഘനങ്ങൾക്ക് പിഴ കർശനമാക്കി സൗദി അറേബ്യ. നിയമ ലംഘനം നടത്തുന്നവർക്ക് അൻപത് ലക്ഷം റിയാൽ വരെ പിഴ ശിക്ഷയായി ലഭിക്കും. നിയമലംഘകർ വിദേശിയാണെങ്കിൽ രാജ്യത്ത് നിന്നും നാടുകടത്തുകയും ചെയ്യും. പരിസ്ഥിത, ജല, കൃഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃതമായി മാലിന്യം നിക്ഷേപിക്കൽ, മലിന ജലം പുറംതള്ളൽ, ഭൂഗർഭ കിണറുകളും ശുദ്ധജല തടാകങ്ങളും മലിനപ്പെടുത്തൽ, വശംനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടലും വിൽപ്പന നടത്തലും, മരങ്ങൾ മുറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റുക, അനധികൃതമായി വിറകും കരിയുൽപന്നങ്ങളും നിർമ്മിച്ച് വിൽപ്പന നടത്തുക, വാഹനങ്ങൾ സംരക്ഷിത മരുഭൂമികളിലേക്കും പാർക്കുകളിലേക്കും പ്രവേശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളിൽ വസിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുക, അനുമതിയില്ലാത്ത ഇടങ്ങളിൽ തീയിടുക, അനധികൃതമായി കാമ്പിംഗ് നടത്തുക, മാലിന്യങ്ങൽ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയ്ക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.