റിയാദ് – നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉയർത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന്റെ നീക്കം. അതേസമയം ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുറയ്ക്കുന്നുമുണ്ട്. നഗരസഭയിൽനിന്നുള്ള ലൈസൻസില്ലാതെ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള കൂടിയ പിഴ 5,000 റിയാലിൽ നിന്ന് 50,000 റിയാലായും കുറഞ്ഞ പിഴ 1,000 റിയാലിൽ നിന്ന് 10,000 റിയാലായും ഉയർത്തും. ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മിനിമം പിഴ 200 റിയാലിൽ നിന്ന് 1,000 റിയാലായും കൂടിയ പിഴ 1,000 റിയാലിൽ നിന്ന് 5,000 റിയാലായും ഉയർത്തും. ഇ-പെയ്മെന്റ് സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കുള്ള കൂടിയ പിഴ പിഴ 10,000 റിയാലിൽ നിന്ന് 1,000 റിയാലായും കുറഞ്ഞ പിഴ 200 റിയാലായും കുറക്കുകയും ചെയ്യും.
ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, ഉൽപന്നങ്ങളും വസ്ത്രങ്ങളും ഉപകരണങ്ങളും മറ്റും നിലത്ത് അട്ടിവെക്കൽ, വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളിൽ പ്രൈസ് ടാഗും സ്റ്റിക്കറും ഇല്ലാതിരിക്കൽ, നിയമാനുസൃത കാരണമില്ലാതെ സേവനം നൽകാൻ വിസമ്മതിക്കൽ എന്നീ നിയമ ലംഘനങ്ങൾ 14 ദിവസത്തെ സാവകാശം നൽകും. കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ, സ്ഥാപനത്തിന് ബാങ്ക് അക്കൗണ്ട് ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 30 ദിവസവും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതിന് 60 ദിവസവും സാവകാശം അനുവദിക്കും. നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്ക് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ (ഇസ്തിത്ലാഅ്) പരസ്യപ്പെടുത്തിയിട്ടുണ്ട്.