കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മെയ് 9ന് മദീനയിലെത്തും. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 26 ന് പുറപ്പെടും. സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകർക്ക് നാളെ മുതൽ ഹജ്ജ് പെർമിറ്റുകൾ വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷം 1,75,025 തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. ഇതിൽ 1,40,20 പേർ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാണ് എത്തുക.
മെയ് 26 മുതൽ ജൂണ് 9 വരെയാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ. ഇതിൽ 17,035 പേർ ഹജ്ജ് കമ്മറ്റിക്ക് കീഴിൽ സൗദിയിലെത്തും. കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസും, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദിയ എയർലൈൻസുമാണ് ഹജ്ജ് സർവീസുകൾ നടത്തുക. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നെത്തുന്നവർ ജിദ്ദയിലാണ് വിമാനമിറങ്ങുക. ഇവർ ഹജ്ജിന് ശേഷം മദീന സന്ദർശനം പൂർത്തിയാക്കി ജൂലൈ 1 മുതൽ മദീനയിൽ നിന്നും നാട്ടിലേക്ക് മടങ്ങി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യഹജ് സംഘം മെയ് 9ന് ഹൈദരാബാദിൽ നിന്നും മദീനയിലേക്കാണെത്തുക. മദീനയിലേക്ക് വരുന്ന തീർഥാടകർ ഹജ്ജിന് ശേഷം ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും.
അതേ സമയം ദുൽഖഅദ് അവസാനമെത്തുന്നവർ ജിദ്ദയിൽ വിമാനമിറങ്ങി നേരെ മക്കയിലേക്കാണ് പുറപ്പെടുക. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീനയിൽ നിന്നാണ് ഇവരുടെ മടക്കയാത്ര. സൗദിയിൽ നിന്നും ഹജ്ജിന് അപേക്ഷിച്ചിട്ടുള്ള ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റുകൾ നാളെ മുതൽ വിതരണം ചെയ്ത് തുടങ്ങും. അബ്ഷിർ പ്ലാറ്റ് ഫോമിൽ നിന്നോ നുസുക് ആപ്ലിക്കേഷനിൽ നിന്നോ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ നിന്നോ പെർമിറ്റുകൾ പ്രിന്റ് ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.