മക്ക: പുണ്യ റമദാനിൽ ആദ്യ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് ഇരുഹറമുകളിലും എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകർക്ക് പുറമെ, വെള്ളിയാഴ്ച പ്രാർഥനകളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രി മുതൽ തന്നെ മക്കയിലേക്കും മദീനയിലേക്കും സൗദിക്കകത്ത് നിന്നും വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു.
ജുമുഅക്ക് മുമ്പ് പതിവിലും നേരത്തെ മക്ക ഹറമിന്റെ അകവും പുറവും മേൽത്തട്ടുകളും നിറഞ്ഞു കവിഞ്ഞു. നമസ്‌കാരത്തിന് വേണ്ടിയുള്ള വിശ്വാസികളുടെ നിരകൾ ഹറം മുറ്റവും കവിഞ്ഞ് റോഡുകളിലേക്ക് നീണ്ടു. മണിക്കൂറുകൾ എടുത്താണ് വിശ്വാസികൾക്ക് പ്രാർഥനക്ക് ശേഷം ഹറമിൽ നിന്നും പുറത്ത് എത്താനായത്.
മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിൽനിന്ന് ഹറമുകളിലെ ജുമുഅയിൽ പങ്കെടുക്കാനെത്തിയവരിൽ അധിക പേരും ഇഫ്താറിലും രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിലും പങ്കെടുത്ത ശേഷമാണ് ഹറമുകളോട് വിടപറഞ്ഞത്. മക്കയിൽ ഷെയ്ഖ് ബന്ദർ ബലീലയും മദീനയിൽ ഡോക്ടർ ഹുസ്സൈൻ അൽ ഷെയ്ഖും റമദാനിലെ ആദ്യ ജുമുഅ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.