റിയാദ് – സൗദി അറേബ്യ, കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനെ (കെഎസ് റിലീഫ്) പ്രതിനിധീകരിച്ച് സുഡാനിലേക്കുള്ള ആദ്യ ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച സർവീസ് നടത്തി.10 ടൺ ദുരിതാശ്വാസ സാധനങ്ങളുമായി വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോർട്ട് സുഡാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പുറപ്പെട്ടത്. സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സുഡാനിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ എയർ ബ്രിഡ്ജിന്റെ ആദ്യ ചരക്ക് പുറപ്പെട്ടത്. രാജ്യത്തെ ആഭ്യന്തര സംഘർഷമാണ് സുഡാനിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ചൊവ്വാഴ്ച ആരംഭിച്ച സഹായ പദ്ധതി, കുടിയിറക്കപ്പെട്ട സുഡാനികൾക്കും ദുരിതബാധിതർക്കും അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നൽകുമെന്ന് റോയൽ കോർട്ട് ഉപദേശകനും കെഎസ് റിലീഫ് ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.