റിയാദ്: നിയമലംഘനം നടത്തിയ ആരോഗ്യ പ്രവർത്തകർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. നിയമലംഘനത്തെ തുടർന്ന് റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രദേശങ്ങളിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇവർ നിയമലംഘനം നടത്തിയത് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്താണ്. സമൂഹ മാധ്യമത്തിൽ രോഗികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയതതടക്കമുള്ള നിയമ ലംഘനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആരോഗ്യ പ്രവർകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായി മന്ത്രാലയം വിശദമാക്കി.
പ്രഫഷനൽ സംവിധാനങ്ങളും നിയന്ത്രണ നിയമങ്ങളും പാലിക്കുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള താൽപര്യം മന്ത്രാലയം ഉയർത്തിക്കാട്ടി. ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം ഓർമ്മിപ്പിച്ചു.