ജിദ്ദ – ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളുടെ പട്ടികയിൽ സൗദിയിൽ നിന്നുള്ള റൂട്ടുകൾ മുൻപന്തിയിലെത്തി. അറബ്, ഉത്തരാഫ്രിക്ക മേഖലയിൽ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ഒന്നാം സ്ഥാനത്ത് ജിദ്ദ-കയ്റോ റൂട്ടാണ്. റിയാദ്-കയ്റോ റൂട്ട് രണ്ടാം സ്ഥാനത്തും കുവൈത്ത്-കയ്റോ റൂട്ട് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.
കഴിഞ്ഞ മാസം ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ജിദ്ദ-കയ്റോ റൂട്ട് രണ്ടാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തിലാണ് ഹോങ്കോംഗ്- തായ്പെയ് റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്ത് ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ എട്ടാം സ്ഥാനം റിയാദ് -ദുബായ് റൂട്ടിനാണ്. പ്രശസ്തമായ ന്യൂയോർക്ക്- ലണ്ടൻ റൂട്ട് ഏഴാം സ്ഥാനത്താണ്. 6,500 സീറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് റിയാദ്-ദുബായ് റൂട്ടിനെ ന്യൂയോർക്ക്-ലണ്ടൻ റൂട്ട് തൊട്ടടുത്ത സ്ഥാനത്തേക്ക് പിന്തള്ളിയതെന്ന് ലണ്ടൻ ആസ്ഥാനമായി ഫ്ളൈറ്റ് ഡാറ്റാബേസസ്, സ്റ്റാറ്റിസ്റ്റിക്സ്, ഏവിയേഷൻ അനലിറ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ഒ.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.