റിയാദ്- സൗദി അറേബ്യയിലുടനീളമുള്ള ആയിരക്കണക്കിന് സ്കൂൾ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാനൊരുങ്ങി നിയോം. സെപ്തംബർ 12 മുതൽ 16 വരെ തബൂക്കിലെ ഫഹദ് ബിൻ സുൽത്താൻ യൂണിവേഴ്‌സിറ്റിയിലാണ് പരിശീലനം ആരംഭിക്കുന്നത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) ആഗോള പങ്കാളിയായ നിയോമിന്റെ നേതൃത്വത്തിലുള്ള ഷുഹുബ് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന് കീഴിൽ തബൂക്ക്, ജിദ്ദ, റിയാദ്, ദമാം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 3,500-ലധികം കുട്ടികൾക്ക് പരിശീലനം നൽകും.
തബൂക്ക്, ജിദ്ദ ഇവന്റുകൾക്കായി 7-12 വയസ് പ്രായമുള്ള എല്ലാ സൗദി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിലവിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. റിയാദിലും ദമാമിലുമാണ് രജിസ്ട്രേഷൻ നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഉദ്ഘാടന പതിപ്പിന്റെ വിജയത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ മുതൽ അടുത്ത മാർച്ച് വരെ നാല് ഇവന്റുകൾ നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തുടനീളം ഫുട്‌ബോളിൽ കഴിവുള്ള അടുത്ത തലമുറയെ വികസിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതിനുള്ള നിയോമിന്റെ പ്രതിബദ്ധതയാണ് ഷുഹബ് കമ്മ്യൂണിറ്റി പ്രോഗ്രാം പ്രതിഫലിപ്പിക്കുന്നതെന്ന് നിയോമിലെ സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ ജാൻ പാറ്റേഴ്‌സൺ പറഞ്ഞു. വ്യക്തിഗത വളർച്ചയ്ക്ക് വഴിയൊരുക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി സ്‌പോർട്‌സിന്റെ വളർച്ചയ്ക്ക് സംഭാവന നൽകു കൂടി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.