റിയാദ് – പശ്ചിമ റിയാദിലെ അൽസുവൈദി ഡിസ്ട്രിക്ടിലെ ത്വൻജ സ്ട്രീറ്റിലെ ഫുട്പാത്ത് തകർന്നുണ്ടായ കുഴിയിൽ വീണ് നാലു പേർക്ക് പരിക്കേറ്റു. സൗദി പൗരൻ ഹസൻ അൽവുദ്ആനിയുടെ ഭാര്യക്കും രണ്ടു പെൺമക്കൾക്കും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വനിതക്കുമാണ് പരിക്കേറ്റത്. ഭാര്യയും മക്കളും വ്യായാമത്തിനു വേണ്ടി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫുട്പാത്ത് ഇടിഞ്ഞ് ഭാര്യയും മക്കളും കുഴിയിൽ വീഴുകയുമായിരുന്നെന്ന് ഹസൻ അൽവുദ്ആനി പറഞ്ഞു.
സംഭവം കണ്ട് ഭാര്യയെയും മക്കളെയും സഹായിക്കാൻ മറ്റൊരു വനിത ഓടിയെത്തി. എന്നാൽ ഇവരും കുഴിയിൽ വീഴുകയായിരുന്നു. റെഡ് ക്രസന്റ് പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പുകളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കിംഗ് സൽമാൻ ആശുപത്രിയിലേക്ക് നീക്കിയതായും ഹസൻ അൽവുദ്ആനി പറഞ്ഞു.