ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഇടം പി‌ടിച്ച് ആറ് മലയാളികൾ ; വ്യക്തിഗത സമ്പന്നരിൽ ഒന്നാമൻ എം.എ യൂസഫലി

yussufali

ന്യൂഡൽഹി : 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ മുന്നിൽ. 7.4 ബില്യൺ ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39ആം സ്ഥാനം യൂസഫലി സ്വന്തമാക്കി. കഴിഞ്ഞ വർഷം 7.1 ബില്യൺ ഡോളറായിരുന്നു എം.എ യൂസഫലിയുടെ ആസ്തി. കേരളത്തിൽ നിന്നുള്ള ഏറ്റവും ധനികനായ വ്യക്തിഗത സമ്പന്നനായി തുടർച്ചയായി ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ.

ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്തികൾ ചേർത്ത് 7.8 ബില്യൺ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികൾ ചേർത്ത് 37ആം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി.

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ് കല്യാണരാമൻ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യൺ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമന്റെ ആസ്തി. 3.5 ബില്യൺ ഡോളർ ആസ്തിയോടെ (29,400 കോടി രൂപ) ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 95ആം സ്ഥാനത്തും, 3.4 ബില്യൺ ആസ്തിയോടെ (28,560 കോടി രൂപ) ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 97ആം സ്ഥാനത്തും 3.37 ബില്യൺ ആസ്തിയോടെ (28,308 കോടി രൂപ) ജോയ് ആലുക്കാസ് 98ആം സ്ഥാനത്തും ഇടം നേടി.

മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ബില്യൺ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യൺ ഡോളർ നേട്ടത്തോടെ 116 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.

43.7 ബില്യൺ ഡോളർ ആസ്തിയോടെ ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലാണ് മൂന്നാം സ്ഥാനത്ത്. എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ (40.2 ബില്യൺ ഡോളർ), ദിലീപ് ഷാംഗ്വി (32.4 ബില്യൺ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (31.5 ബില്യൺ ഡോളർ), ഭാരതി എൻട്രപ്രൈസ് ചെയർമാൻ സുനിൽ മിത്തൽ(30.7 ബില്യൺ ഡോളർ) , ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ ബിർള (24.8 ബില്യൺ ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല (24.5 ബില്യൺ ഡോളർ) , ബജാജ് ഫാമിലി (23.4 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

പട്ടികയിലെ നൂറ് സമ്പന്നരുടെയും ആസ്തികൾ കൂട്ടി ആദ്യമായി ട്രില്യൺ ഡോളർ കടന്നുവെന്ന പ്രത്യേകതയും ഇത്തണയുണ്ട്. 2023ൽ 799 ബില്യൺ ഡോളറായിരുന്നു. ഓഹരി വിപണിയിലെ ശക്തമായ പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം, കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ബിഎസ്ഇ സെൻസെക്‌സ് 30 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!