റിയാദ്- സൗദി അറേബ്യ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യയിലെ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.
നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ആവേശകരായ പരിപാടികളാണ് വിവിധ പ്രദേശങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ സ്ഥാപക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വെള്ളിയാഴ്ച പരേഡ് നടക്കും.
ബുറൈദ, റിയാദ്, ദമ്മാം, ജിദ്ദ, മദീന, തായിഫ്, അബഹ, അല്‍ബഹ, ജിസാന്‍, നജ്റാന്, ഹായില്‍, അറാര്‍, സകാക്ക, തബൂക്ക് എന്നിങ്ങനെ 14 മേഖലകളില്‍ ലിവാന്‍ എന്ന പേരില്‍ സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. മൂന്നു നൂറ്റാണ്ട് മുമ്പത്തെ വസ്ത്രാലങ്കാരങ്ങളും പ്രാദേശിക ചന്തകളുമടക്കം അറബ് പൈതൃകങ്ങളിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന ഈ പരിപാടിയില്‍ ഇന്ററാക്ടീവ് എക്സിബിഷനുകള്‍, സാംസ്കാരിക സെമിനാറുകള്‍, ചരിത്ര നാടക അവതരണങ്ങള്‍ എന്നിവ നടക്കും. ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഈ പരിപാടി നടക്കുന്നത്.