റിയാദ്: സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ബാങ്കുകൾ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. ‘ശ്രദ്ധിക്കുക അവരിൽ നിന്നും ജാഗ്രത പാലിക്കുക’ എന്ന മുദ്രാവാക്യത്തോടെയാണ് ക്യാംപെയ്ൻ നടത്തുന്നത്. ബാങ്കിങ് മീഡിയ ആൻഡ് അവെയർനസ് കമ്മിറ്റിയാണ് ഈ ക്യാംപെയ്ന് നേതൃത്വം നൽകുന്നത്.
കുട്ടികളും പ്രായമായവരുമടങ്ങുന്ന വിവിധ ഗ്രൂപ്പുകൾ തട്ടിപ്പിന് ഇരയാകുന്നത് പതിവാണെന്ന് കമ്മിറ്റി സെക്രട്ടറി ജനറൽ റബാ അൽ ഷംസി അറിയിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമാക്കി, സാമ്പത്തിക തട്ടിപ്പുകളുടെ വിവിധ രൂപങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.
നിക്ഷേപ സൈറ്റുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർ, തൊഴിൽ അന്വേഷിക്കുന്നവർ, പ്രായമായവർ തുടങ്ങിയവരാണ് സാധാരണയായി തട്ടിപ്പിന് ഇരയാകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.