റിയാദ് – പ്രധാന സിഗ്നലുകളിലും ഇന്റര്‍സെക്ഷനുകളിലും സൗജന്യ ഇഫ്താര്‍ വിതരണ കാമ്പയിൻ ആരംഭിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കാരിഫോര്‍ സ്റ്റോറുകളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യകളില്‍ പത്തു ലക്ഷം ഇഫ്താര്‍ പേക്കറ്റുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാഹനാപകടങ്ങള്‍ക്ക് തടയിടുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നോമ്പുതുറക്ക് വീട്ടിലെത്താന്‍ ശ്രമിച്ച് അമിത വേഗത്തില്‍ കാറുകളോടിക്കുന്നതിനാല്‍ ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്ത് സൗദിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആവശ്യമായ മുഴുവന്‍ മുന്‍കരുതലുകളുമെടുത്ത്, സുരക്ഷാ കാര്യങ്ങളില്‍ അടക്കം പ്രത്യേകം പരിശീലനം നല്‍കിയ 350 ലേറെ പ്രൊഫഷനലുകള്‍ വഴിയാണ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇഫ്താര്‍ പേക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ സിഗ്നലുകളും ഇന്റര്‍സെക്ഷനുകളും കേന്ദ്രീകരിച്ചുള്ള ഇഫ്താര്‍ വിതരണം വലിയ വിജയമായിരുന്നു. ഇത്തവണ ഇഫ്താര്‍ വിതരണ കേന്ദ്രങ്ങളുടെയും വിതരണം ചെയ്യുന്ന ഇഫ്താര്‍ പേക്കറ്റുകളുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.