റിയാദ്: സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക നൽകുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തതായി ഈജാർ കേന്ദ്രം അറിയിച്ചു. സർക്കാർ വാടക പ്ലാറ്റ്‌ഫോമായ ഈജാർ വഴി പണമിടപാടുകൾ നടത്തണമെന്ന് കേന്ദ്രം വ്യക്തമാക്കി. ജനുവരി 15 മുതൽ ഈജാർ പ്ലാറ്റ് ഫോം വഴിയല്ലാതെ നൽകുന്ന വാടക ഇടപാടുകൾ സ്വീകരിക്കില്ലയെന്ന് അതോറിറ്റി അറിയിച്ചു.
സൗദിയിൽ കെട്ടിട വാടക ഇടപാടുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡിജിറ്റൽ വാടക ഇടപാട് സേവനം നിർബന്ധമാക്കി. കെട്ടിട വാടക കരാറുകൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കിയ ഈജാർ പ്ലാറ്റ് ഫോം വഴി പണമിടപാടുകൾ കൂടി നടത്തുന്നതിനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച അന്തിമ നിർദ്ദേശം ഈജാർ പ്ലാറ്റ് ഫോം പുറത്തിറക്കി.
ജനുവരി 15 മുതൽ താമസ കെട്ടിടങ്ങളുടെ മുഴുവൻ വാടക ഇടപാടുകളും ഈജാർ വഴി കൈമാറണമെന്ന് പ്ലാറ്റ്‌ഫോം കേന്ദ്രം വ്യക്തമാക്കി. ഈജാർ വഴിയല്ലാത്ത പണമിടപാടുകൾക്ക് ഇതോടെ സാധുതയില്ലാതാകും. തുടക്കത്തിൽ താമസ കെട്ടിടങ്ങൾക്ക് മാത്രമാകും നിയമം ബാധകമാകുക. വാണിജ്യ കെട്ടിടങ്ങൾ ഈ ഘട്ടത്തിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടില്ല.