റിയാദ്: ഫ്രോസൺ ഉത്പന്നങ്ങളുടെ വിവരം ഫുഡ് ഫാക്ടറികൾ വസൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കി സൗദി അറേബ്യ. 2025 ജനുവരി മുതൽ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ശീതീകരിച്ച് സൂക്ഷിക്കുന്ന (ഫ്രോസൺ) ഉൽപന്നങ്ങളുടെയും കോൾഡ് സ്റ്റോറേജിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും താപനില ‘വസൽ’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്ന ഫാക്ടറികൾക്കും വെയർഹൗസുകൾക്കും ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും തീരുമാനം ബാധകമാകും. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾ, വെയർഹൗസുകൾ, കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയിലെ താപനിലയും ഈർപ്പവും അളക്കുന്ന മീറ്ററുകളെ ഓൺലൈനായി ‘വസൽ’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാനാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.