ന്യുഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തുന്നു. ഈ മാസം 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ച കോടിയിൽ പങ്കെടുക്കുന്ന സൗദി കിരീടാവകാശി ഔദ്യോഗിക സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി ഒരു ദിവസം കൂടി ഇന്ത്യയിലുണ്ടാകും.
സെപ്തംബര് 10 നാണ് ജി 20 ഉച്ച കോടി അവസാനിക്കുന്നത്. ഔദ്യോഗിക സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി സെപ്തംബർ 11 നു മുഴുവൻ സൗദി കിരീടാവകാശി തലസ്ഥാനത്ത് ഉണ്ടായിരിക്കും.
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.