ഈ വർഷം 20 ലക്ഷം പേർ ഹജ് നിർവഹിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഹജ് നിർവഹിക്കുക. കോവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്നതു പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ് തീർഥാടകരെ സ്വീകരിക്കും.
ഈ വർഷത്തെ ഹജിന് ഇമ്മ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. ഇത്തവണത്തെ ഹജിന് കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭിക്കും. ഹജ് തീർഥാടകർക്ക് ലഭ്യമായ ഓപ്ഷനുകൾ വിപുലമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ് ക്വാട്ട നിർണയിക്കുന്നതെന്നും ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു.
