റിയാദ്: ഹജ്ജ് വേളയിൽ ഹറമിലേയും പുണ്യസ്ഥലങ്ങളിലേയും തിരക്ക് നിയന്ത്രിക്കാൻ നിർമിതബുദ്ധി സഹായകരമായതായി സുരക്ഷാ വിഭാഗം. വരും വർഷങ്ങളിലെ ഹജ്ജിൽ സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതൽ വിപുലീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രി അറിയിച്ചു. ഹജ്ജ് വേളയിൽ തീർഥാടകരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച സേന വിഭാഗങ്ങളെയും സർക്കാർ വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു.
ഈ വർഷത്തെ ഹജ്ജിന് എഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം സുരക്ഷാ വിഭാഗത്തിന് ഏറെ സഹായകരമായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. ഇത്തരം നൂതന രീതികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കും. പ്രവർത്തനങ്ങളിലെ ഏകോപനവും സഹകരണവും കോവിഡിന് മുമ്പുള്ള തീർഥാടകരുടെ എണ്ണം തിരികെ കൊണ്ടുവരുന്നതിനിടയാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. മക്കയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരും, സുരക്ഷ വിഭഗാം മേധാവികളും പങ്കെടുത്ത യോഗത്തിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഹജ്ജ് വേളയിൽ തീർഥാടകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംഭാവന നൽകിയ സേന വിഭാഗങ്ങളെയും സർക്കാർ വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷത്തെ ഹജ്ജിലെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് ഹറമിലും പുണ്യസ്ഥലങ്ങളിലും നിർമിതബുദ്ധി ഉപയോഗിച്ചതാണെന്ന് യോഗത്തിൽ പങ്കെടുത്ത പൊതു സുരക്ഷ വിഭാഗം മേധാവി മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.