ജിദ്ദ- ജിദ്ദയിൽ ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പിടുന്നതിനായി എത്തുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം എട്ടിന് ജിദ്ദയിലെ ഹജ് എക്‌സിബിഷനിൽ നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ സ്മൃതി ഇറാനിയും കേന്ദ്ര മന്ത്രി വി. മുരളീധരനും പങ്കെടുക്കും. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅയുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തും. ഹജ് ആന്റ് ഉംറ കോൺഫ്രൻസിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് സൗദി-ഇന്ത്യ ഹജ് കരാർ ഒപ്പിടൽ ചടങ്ങ് നടക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള 1,75,000 ഹജ് തീർഥാടകരുടെ പാർപ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചും എംബസി / കോൺസുലേറ്റ് അധികൃതരുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്ത്യൻ ഹാജിമാരുടെ രജിസ്‌ട്രേഷൻ നടപടികൾ ഇക്കഴിഞ്ഞ ഡിസംബർ നാലിന് ആരംഭിച്ചിരുന്നു.