ജിദ്ദ- സൗദി ഹജ് എക്‌സ്‌പോയും വ്യാവസായിക സമ്മേളനവും ഇന്ന് വൈകിട്ട് മക്ക അസി. ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ ഉദ്ഘാടനം ചെയ്യും. സൗദി വിഷൻ 2030 ന്റെ ഭാഗമായുള്ള അല്ലാഹുവിന്റെ അതിഥികൾ, പ്രൊജക്ടുമായി സഹകരിച്ച് സൗദി ഹജ് മന്ത്രാലയമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ വ്യാഴം വരെ ജിദ്ദ സൂപ്പർ ഡോം കോൺഫ്രൻസ് ഹാളിലാണ് എക്‌സ്‌പോ നടക്കുന്നത്.
ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും നിക്ഷേപകർക്കും പുറമെ ലോകത്തിന്റെ 80 ലോകരാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും സംരംഭകരും പങ്കെടുക്കുന്ന എക്‌സ്‌പോ ഹജ് രംഗത്ത് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സർവീസുകളും ഹജ് മേഖലയിലെ നിക്ഷേപ സാധ്യതകളും വിലയിരുത്തുന്നതിന് നിക്ഷേപകർക്ക് ലഭിക്കുന്ന സുവർണാവസരമാണ്. ഹാജിമാർക്കും സന്ദർശകർക്കും നവ്യമായ സേവനങ്ങൾ നൽകുന്നതിനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതു കൂടിയാണ് എക്‌സ്‌പോയെന്ന് സൗദി ഹജ് മന്തി ഡോ.തൗഫീഖ് അൽ റബീഅ പറഞ്ഞു.
ഹജ് സർവീസ് മേഖലയിൽ നൂതന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്നതിനും സേവന രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിരന്തര പരിവർത്തനത്തിനു വിധേയമാക്കുന്നതിനും എക്‌സ്‌പോ സഹായകരമാകും. വിവിധ രാജ്യങ്ങളിലെ ഹജ് മന്ത്രാലയ പ്രതിനിധികളും മന്ത്രിമാരും വ്യവസായ സംരംഭകരും ഒത്തു ചേരുന്ന വിവിധ കോൺഫ്രൻസുകൾ ഈ രംഗത്തെ ആശയ കൈമാറ്റത്തിനുള്ള വലിയൊരു വേദിയാണ്. രാജ്യത്തെ വലിയ കമ്പനികൾ മുതൽ ചെറുകിട സ്ഥാപന പ്രതിനിധികൾ വരെ ഒന്നിക്കുന്നുവെന്ന സവിശേഷത കൂടി എക്‌സ്‌പോയ്ക്കുണ്ട്.