റിയാദ്: ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ബുക്ക് ചെയ്ത ഹജ്ജ് പാക്കേജ് മാറ്റാൻ സാധിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രലായം അറിയിച്ചു. റമദാൻ ഒരുക്കങ്ങൾ വിലയിരുത്തുന്നതനായി മക്കയിൽ ചേർന്ന സുപ്രധാന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ രാജകുമാരൻറെ നേതൃത്വത്തിലായിരുന്നു ഹജ്ജ് കമ്മിറ്റിയുടെ സുപ്രധാന യോഗം. റമദാൻ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ ആവിഷ്കരിച്ച തയ്യാറെടുപ്പ് പദ്ധതികൾ യോഗം അവലോകനം ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ഉംറ തീർഥാടകരെ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തീർഥാടകരുടെ വരവ് നിയന്ത്രിക്കുന്നതിനും സുഖമമായ തീർഥാടനം ഉറപ്പ് വരുത്തുന്നതിനും പ്രത്യേക പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം.
പാസ്‌പോർട്ട് വിഭാഗം, സിവിൽ ഡിഫൻസ്, ആരോഗ്യം എന്നീ വിഭാഗങ്ങളുടെ പ്രവർത്തന പദ്ധതികളായിരുന്നു പ്രധാനമായും യോഗത്തിൽ അവലോകനം ചെയ്തത്. ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രജിസ്ട്രേഷൻ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ബുക്ക് ചെയ്യുന്ന സമയത്ത് തെരഞ്ഞെടുക്കുന്ന പാക്കേജുൾ പിന്നീട് മാറ്റാൻ സാധിക്കില്ല. എന്നാൽ പാക്കേജ് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യത്തെ ബുക്കിംഗ് റദ്ദാക്കി സീറ്റിൻ്റെ ലഭ്യതക്കനുസരിച്ചുള്ള പുതിയ പാക്കേജ് തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.