റിയാദ് – ചികിത്സാ പിഴവുകള്‍ക്കെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബാധകമാക്കുന്ന നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ശവ്വാല്‍ മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സേവനം (ആംബുലന്‍സ്), ഫിസിയോ തെറാപ്പി, ഓപ്പറേഷന്‍ റൂം ടെക്‌നീഷ്യന്‍, സ്പീച്ച് തെറാപ്പി, റെസ്പിറേറ്ററി തറാപ്പി, ചികിത്സാ പോഷകാഹാരം, കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍, ശ്രവണ സഹായ ചികിത്സ, ഓര്‍ത്തോപീഡിക് സ്പ്ലിന്റിംഗ്, രക്തം എടുക്കല്‍, ഒപ്റ്റിക്‌സ്, ലബോറട്ടറി, അനസ്‌തേഷ്യ, എക്‌സ്‌റേ, മിഡ്‌വൈഫറി എന്നീ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ശവ്വാല്‍ മുതല്‍ ചികിത്സാ പിഴവുകള്‍ക്കെതിരായ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമാക്കാന്‍ ലക്ഷ്യമിട്ട വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ ശവ്വാല്‍ മുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലൂടെ വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങളും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തവരുടെ പേരുവിവരങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വിഭാഗത്തിന് സമര്‍പ്പിക്കണമെന്ന് സര്‍ക്കുലറിൽ പറയുന്നു. ശവ്വാല്‍ മുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തവരെ ബന്ധപ്പെട്ട വകുപ്പുകള്‍ ജോലിയില്‍ നിന്ന് വിലക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ചികിത്സാ പിഴവുകള്‍ക്കെതിരായ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമാക്കിയിരുന്നത്. കൂടുതല്‍ വിഭാഗങ്ങളില്‍ പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമാക്കാന്‍ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.