റിയാദ്- ഗാർഹിക തൊഴിലാളികൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പുതിയ തൊഴിൽ കരാറുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. കൂടാതെ തൊഴിലാളികൾ സൗദി അറേബ്യയിലെത്തിയതിന് ശേഷം ഇൻഷുർ ചെയ്യാൻ സാധിക്കില്ലെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
തൊഴിലാളിയുടെ തൊഴിൽ, പൗരത്വം, പ്രായം, പ്രതിമാസ വരുമാനം, കരാറിന്റെ വില, ഇൻഷുറൻസ് തുക എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഇൻഷുറൻസ് ചെലവ് വ്യത്യാസപ്പെടും. ഗാർഹിക തൊഴിൽ കരാറുകൾക്കുള്ള ഇൻഷുറൻസ് സേവനം നിർബന്ധമല്ല. ഇത് പരീക്ഷണാടിസ്ഥാനത്തിൽ മാത്രം ആരംഭിച്ചതാണ്.
നിലവിൽ മുസാനിദ് പ്ലാറ്റ് ഫോം വഴി തൊഴിൽ കരാർ ചെയ്യുമ്പോൾ ഇൻഷുറൻസിന് അനുമതി നൽകുക വഴി ഗാർഹിക തൊഴിൽ കരാറുകൾ സ്വമേധയാ ഇൻഷൂർ ചെയ്യാൻ സാധിക്കും. തൊഴിലാളി സൗദിയിലെത്തിയ ശേഷം ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഗാർഹിക തൊഴിലാളി തൊഴിൽ ആരംഭിച്ച് ആദ്യ രണ്ട് വർഷത്തിനുള്ളിൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇൻഷുർ വഴി ലക്ഷ്യമിടുന്നതെന്നും മുസാനിദ് കൂട്ടിച്ചേർത്തു.