ദമാം: സൗദിയിൽ തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ മരണപ്പെട്ടു. സൗദിയിലെ ഹഫർ ബാത്തിലിലാണ് സംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അപകട വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ഉടൻ എത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. മകളുടെ വീട്ടിൽ തീ പടർന്നുപിടിച്ചതായി അയൽവാസികൾ തന്നെ ഫോണിൽ അറിയിക്കുകയായിരുന്നെന്ന് യെമനി പൗരൻ അവദ് ദർവേശ് പറഞ്ഞു.
വിവരമറിഞ്ഞ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നതായി അവദ് ദർവേശ് പറഞ്ഞു.