ദമാം- സൗദി അറേബ്യയിൽ ദമാമിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടി മിന്നലോടെയുള്ള മഴ തുടരുന്നു. കനത്ത മഴ പെയ്തതോടെ ജനജീവിതം ദുസ്സഹമായി. വ്യാഴം ഉച്ചയോടെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരമായിട്ടും ശമനമായില്ല.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത തണുപ്പിനുള്ള തുടക്കമാണ് ഇത്രയും ശക്തമായ മഴ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. അൽകോബാർ, തുഖ്ബ, ഖഫ്ജി, അൽ ഹസ്സ, ജുബൈൽ എന്നിവിടങ്ങളിലും ഇടിയുടെയും മിന്നലോടെ കനത്ത മഴയാണ് പെയ്യുന്നത്. അൽകോബാർ, ദമാം, ജുബൈൽ ഹൈവേയിൽ റോഡിൽ വെള്ളം നിറഞ്ഞതു കാരണം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിനുള്ള ഇന്ധനം മുൻകൂട്ടി കരുതണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം.