റിയാദ്: ദീർഘദൂര ഹൈവേ റോഡുകളിലെ ട്രക്ക് ലൈനുകളുടെ നിർമ്മാണത്തിന് ഉന്നത സാങ്കേതികവിദ്യയും നിർമ്മാണ രീതിയും ഉപയോഗപ്പെടുത്തി സൗദി. ലോജിസ്റ്റിക്സ് മേഖലയിലെ ട്രക്ക് ലൈനുകളിൽ ബുള്ളറ്റ്- കോംപാക്ട് കോൺക്രീറ്റ് സാങ്കേതികവിദ്യ ആദ്യമായാണ് സൗദി അറേബ്യ പരീക്ഷിക്കുന്നത്. ലോജിസ്റ്റിക് റൂട്ടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡുകളുടെ ഘടനാപരമായ പാളികൾക്ക് ബലം നൽകുന്നതും ലോകോത്തര നിലവാരവും ഈടും നൽകുന്നതും ഹെവി ട്രക്കുകൾ കടന്നു പോകുന്നത് മൂലം ഉണ്ടാകുന്ന രൂപമാറ്റങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യയാണിതെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് റോഡ്സ് അറിയിച്ചു.
ഇത് റോഡുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും കാലാവധി കൂട്ടുന്നതിനും ആവർത്തിച്ചുണ്ടാക്കുന്ന അറ്റകുറ്റപ്പണികളുടെ ചെലവുകൾ കുറയ്ക്കുന്നതിനും സഹായകമാകും എന്നും അധികൃതർ ചൂണ്ടിക്കാട്ടി.