റിയാദ്: ജിദ്ദയിൽ 56 തകർന്ന കെട്ടിടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി പൂർത്തീകരിച്ചതായി ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം പ്രതിനിധീകരിക്കുന്ന സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്.
രാജ്യത്തിൻ്റെ അറബ്, ഇസ്ലാമിക പൈതൃകം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ചരിത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമുള്ള കിരീടാവകാശിയുടെ താൽപ്പര്യത്തിൻ്റെ പശ്ചാത്തലത്തിലാണ് പദ്ധതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അഞ്ച് പ്രത്യേക സൗദി കമ്പനികൾ ജിദ്ദയിലെ ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങൾ ശക്തിപ്പെടുത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കാൻ കിരീടാവകാശി നിർദ്ദേശം നൽകി. ചരിത്രപരമായ കെട്ടിടങ്ങളിൽ അനുഭവപരിചയമുള്ള സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഈ കമ്പനികൾ പുനഃസ്ഥാപിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തു.