റിയാദ് – സൗദിയിൽ കഴിഞ്ഞ വർഷാവസാനത്തോടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 35,79,960 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 51 ശതമാനമാണ് വർധിച്ചത്. 2018 ൽ സൗദിയിൽ 23,71,390 ഗാർഹിക തൊഴിലാളാണ് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണം 57.5 ശതമാനവും വനിത തൊഴിലാളികളുടെ എണ്ണം 35.6 ശതമാനവും വർധിച്ചു.
ഗാർഹിക തൊഴിലാളികളിൽ 49.5 ശതമാനം ഹൗസ് ഡ്രൈവർമാരാണ്. ഇവരിൽ 17,73,916 ഗാർഹിക തൊഴിലാളികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 125 വനിതകളാണ് ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിലാളികളിൽ 47.7 ശതമാനം വേലക്കാരും ശുചീകരണ തൊഴിലാളികളാണ്. ഈ വിഭാഗത്തിൽ പെട്ട 17,09,014 തൊഴിലാളികളാണ് ഉള്ളത്. ഹോം മാനേജർമാരായി 2519 പേരും പാചകക്കാരും ഭക്ഷണം വിതരണം ചെയ്യുന്നവരുമായി 61,110 പേരും വാച്ച്മാന്മാരായി 23,664 പേരും വീടുകളിലെ തോട്ടം തൊഴിലാളികളായി 2164 പേരും ടെയിലർമാരായി 1238 പേരും ഹോം നഴ്‌സുമാരായി 1747 പേരും ട്യൂഷൻ അധ്യാപകരായി 4608 പേരും ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളിൽ 0.07 ശതമാനം ഹോം മാനേജർമാരായി 1.7 ശതമാനം പാചകക്കാരും ഭക്ഷണം വിതരണം ചെയ്യുന്നവരും 0.66 ശതമാനം വാച്ച്മാന്മാരും 0.06 ശതമാനം തോട്ടം തൊഴിലാളികളും 0.03 ശതമാനം ടെയിലർമാരും 0.04 ശതമാനം ഹോം നഴ്‌സുമാരും 0.12 ശതമാനം ട്യൂഷൻ അധ്യാപകരുമാണുള്ളത്.