ജിദ്ദ – സൗദിയിൽ 21 വയസിൽ താഴെ പ്രായമുള്ള ഗാർഹിക തൊഴിലാളികളെ ജോലിക്ക് വെക്കുന്നത് വിലക്കുന്നതായി പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമാവലി വ്യക്തമാക്കി. ഇത് ലംഘിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ ഈടാക്കുമെന്നും നിയമാവലി വ്യക്തമാക്കുന്നു.
ദിവസത്തിൽ പത്തു മണിക്കൂറിൽ കൂടുതൽ സമയം ഗാർഹിക തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതും നിയമാവലി വിലക്കുന്നു. വിശ്രമത്തിനും ആരാധനാ കർമങ്ങൾക്കും ഭക്ഷണത്തിനും അര മണിക്കൂറിൽ കുറയാത്ത ഇടവേള നൽകാതെ തുടർച്ചയായി അഞ്ചു മണിക്കൂറിൽ കൂടുതൽ നേരം ജോലി ചെയ്യാത്ത നിലക്ക് ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, വിശ്രമ സമയങ്ങൾ ക്രമീകരിക്കണമെന്ന് നിയമാവലി ആവശ്യപ്പെടുന്നു. വിശ്രമ സമയങ്ങൾ തൊഴിൽ സമയത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. ഗാർഹിക തൊഴിലാളികൾക്ക് പ്രതിദിനം നൽകുന്ന തുടർച്ചയായ വിശ്രമ സമയം എട്ടു മണിക്കൂറിൽ കുറയരുതെന്നും വ്യവസ്ഥയുണ്ട്.